ശബരിമല തീർത്ഥാടനം: നട 15 നു തുറക്കും, മണ്ഡലപൂജ ഡിസംബർ 26ന്, മകരവിളക്ക് ജനുവരി 14ന്.


ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഭക്തരെ വരവേൽക്കാനൊരുങ്ങി ശബരിമല. ഈ വർഷത്തെ തീർത്ഥാടന കാലം ശനിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി പി.എൻ.മഹേഷ് നടതുറന്ന് ദീപങ്ങൾ തെളിയിക്കും. മേൽശാന്തി പി.എം.മുരളിക്കു മാളികപ്പുറം ക്ഷേത്രം തുറക്കാനായി താക്കോലും ഭസ്മവും നൽകി യാത്രയാക്കും. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പടി കയറുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി (51) ശബരിമലയിലും കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (54) മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതല ഏൽക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. ഡിസംബർ 26 നാണു മണ്ഡല പൂജ. മകരവിളക്ക് ജനുവരി 14ന്. ജനുവരി 14 നാണു മകരവിളക്ക്. തീർഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും. ശബരിമലയിൽ ഒരേ സമയം പതിനായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ 2500 വാഹനങ്ങൾ കൂടി അധികമായി പാർക്ക് ചെയ്യാം. പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പാർക്കിങ്.