ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു, വലിയ നടപ്പന്തൽ നിറഞ്ഞു ശരം കുത്തി വരെ തീർഥാടകരുടെ നീണ്ടനിര.


ശബരിമല: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. മഴയെ അവഗണിച്ചു ആയിരങ്ങളാണ് ദർശനത്തിനായി കാത്തു നിൽക്കുന്നത്. വലിയ നടപ്പന്തൽ നിറഞ്ഞു ശരം കുത്തി വരെ തീർഥാടകരുടെ നീണ്ടനിരയുണ്ട്. കഴിഞ്ഞ ദിവസവും ശബരിമലയിൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മുതൽ സന്നിധാനത്ത് ചാറ്റൽ മഴയുണ്ടായിരുന്നു. ശബരിമല ദർശനത്തിനുള്ള തത്സമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. നിലവിൽ പമ്പ, എരുമേലി, വണ്ടിപ്പെരിയാർ, സത്രം എന്നിവിടങ്ങളിലാണ് തത്സമയ ബുക്കിങ് കേന്ദ്രങ്ങളുള്ളത്.