ശബരിമല: സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിൽ കമനീയമായ അയ്യപ്പചരിതം രചിച്ചു മനുവിന്റെ ഇടം കൈ. ജന്മനാ മുട്ടിനു താഴെ വലതു കൈ ഇല്ലാത്ത മനു എന്ന നാൽപതുകാരന്റെ ചിത്രങ്ങൾ ഇനി ശബരിമലയിലും. ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ ചുവരുകളിലാണ് മനുവിന്റെ ഇടം കൈ കമനീയമായ അയ്യപ്പചരിതം രചിക്കുന്നത്. മണികണ്ഠനെ കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ആക്രിലിക് പെയിന്റുപയോഗിച്ച് വരയ്ക്കുന്നത്. പത്തനാപുരം സ്വദേശിയാ മനു ഒരാഴ്ച മുൻപ് സന്നിധാനത്തെത്തി. ഇപ്പോൾ നാലു ചിത്രങ്ങൾ പൂർത്തിയാക്കി. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങൾ വരയ്ക്കും. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്ന മനു കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചിത്രരചന പഠിച്ചിട്ടുണ്ട്. പിന്നീട് വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് എഴുതിക്കൊടുത്താണ് ഉപജീവനം നടത്തിയിരുന്നത്. പിടവൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുവരുകളിൽ ചിത്രം വരയ്ക്കാൻ ലഭിച്ച അവസരമാണ് മനുവിനെ ശബരിമലയിലെത്തിച്ചത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ചിത്രം വരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് മനുവിന് ശബരിമലയിൽ ചിത്രം വരയ്ക്കുവാൻ അവസരം ഒരുക്കുകയായിരുന്നു. ബ്രഷും നിറക്കൂട്ടുകളുമായി മല കയറിയതോടെ അയ്യപ്പ ഭക്തരുടെ മനസ്സിലും മനു ഇടം പിടിക്കുകയാണ്. പന്തളം കൊട്ടാരത്തിൽ മണികണ്ഠനെത്തിയതുൾപ്പെടെയുള്ള ഭാഗങ്ങൾ വരച്ചു കഴിഞ്ഞു. മണ്ഡലകാലത്തിനു മുൻപ് ചിത്രങ്ങൾ പൂർത്തിയാക്കും.