കോട്ടയം: ഹോം ഓട്ടോമേഷനിലെയും ത്രീ ഡി ആനിമേഷനിലെയും സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെയിന്റ്് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ 96 കുട്ടികൾ പങ്കെടുത്തു.
വീടുകളിലെ സുരക്ഷാ സംവിധാനം ഐ.ഒ.ടി. സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ എല്ലാ ക്യാമ്പം ഗങ്ങളും തയാറാക്കി. പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ്് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സ്വതന്ത്ര സോഫ്റ്റ്വെയർ ആയ ബ്ലെൻഡർ സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തിയുള്ള ത്രീ ഡി ആനിമേഷൻ നിർമാണമായിരുന്നു ആനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മികച്ച പ്രകടനം കാഴ്ചവച്ച 10 പേരെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. സമാപന യോഗത്തിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ഓൺലൈനിൽ കുട്ടികളുമായി സംവദിച്ചു.