കാഞ്ഞിരപ്പള്ളിയിൽ ബസ്സിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബസ്സിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി വെട്ടിയാങ്കൽ ലിബിൻ തോമസ് (26) ആണ് മരിച്ചത്.

 

 കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോയ ബൈക്ക് മുൻപിൽ പോകുകയായിരുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സിനെ മറികടക്കുന്നതിനിടെ ബസ്സിൽ തട്ടി എതിര്ദിശയിലെത്തിയ കാറിലും പെട്ടി ഓട്ടോയിലും ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിയിൽ പേട്ടക്കവലയിൽ പേട്ട സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ലിബിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈക്കിൽ സഹയാത്രികനായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ഷാനു സണ്ണിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ശനിയാഴ്ച 3 മണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.