പാലാ ഭരണങ്ങാനത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂൾ ബസ്സ് ഇടിച്ചു വയോധികന് ദാരുണാന്ത്യം.


പാലാ: പാലാ ഭരണങ്ങാനത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂൾ ബസ്സ് ഇടിച്ചു വയോധികന് ദാരുണാന്ത്യം. ഭരണങ്ങാനം മറ്റത്തിൽ ഭൂമിരാജാണ് (80) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഭരണങ്ങാനം ടൗണില്‍ നിന്ന് ചൂണ്ടച്ചേരിയിലേയ്‌ക്ക് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്.

 

 ഹോട്ടലിൽ നിന്ന് ചായ കുടിച്ച് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് സ്‌കൂൾ ബസ്സ് ഭൂമിരാജനെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ റോഡിൽ വീണ ഭൂമിരാജിന്റെ തലയിലൂടെ ബസിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഭൂമിരാജിനെ കുറച്ച് ദൂരം വലിച്ചിഴച്ച ശേഷമാണ് ബസ് നിര്‍ത്തിയത്. പാലാ പോലിസും അഗ്നിരക്ഷാ സേനയും എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തമിഴ്‌നാട് സ്വദേശിയായ ഭൂമിരാജും കുടുംബവും 50 വര്‍ഷത്തോളമായി ഭരണങ്ങാനത്താണ് താമസിക്കുന്നത്. ഭാര്യ: പരേതയായ അഴകമ്മ. മക്കള്‍: ശെല്‍വരാജ്, ദുരൈരാജ്, രാസാത്തി, നാഗരാജ്, പരേതയായ ജ്യോതി. സംസ്‌കാരം പിന്നീട് നടക്കും.