കോട്ടയം: ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ 5 മെഡിക്കൽ വിദ്യാർത്ഥികളിൽ 2 പേർ കോട്ടയം സ്വദേശികൾ. കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), കോട്ടയം മറ്റക്കര സ്വദേശി ദേവാനന്ദൻ എന്നിവരാണ് മരണമടഞ്ഞ കോട്ടയം സ്വദേശികൾ. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ ആണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ ആണെന്നാണ് മാത്രമായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. പിന്നീടാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ദേവാനന്ദന്റെ സംസ്കാരം നാളെ കോട്ടയം മട്ടക്കരയിലെ കുടുംബ വീട്ടിൽ നടക്കും. അപകടത്തിൽ 6 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന 2 വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. അപകടത്തിൽ 15 ബസ്സ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂരിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ വെട്ടിപ്പൊളിച്ചാണു വിദ്യാർഥികളെ പുറത്തെടുത്തത്. വിദ്യാർത്ഥികൾ സിനിമയ്ക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ദേവനന്ദ് ഇന്നലെ സിനിമയ്ക്കായി പോകുന്നതിനു മുൻപ് അമ്മയെ വിളിച്ചിരുന്നു. പത്ത് വര്‍ഷമായി മലപ്പുറം കോട്ടക്കലിലാണ് ദേവാനന്ദും കുടുംബവും താമസിച്ചിരുന്നത്. ആയുഷ് ഷാജിയുടെ മാതാപിതാക്കള്‍ ഇന്‍ഡോറിലാണുള്ളത്. ഇരുവരും കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.