ആലപ്പുഴ: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി വീടും ട്രീയും അലങ്കരിക്കാനുള്ള ക്രിസ്മസ് അലങ്കാര വസ്തുക്കൾ നിർമ്മിച്ചു ദീപ്‌തി സ്പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. ആലപ്പുഴ ജില്ലയിലെ മുഹമ്മ ദീപ്‌തി സ്പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ആണ് വിവിധതരം ക്രിസ്മസ് അലങ്കാര വസ്തുക്കൾ നിർമ്മിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വൊക്കേഷണൽ ട്രൈനിങ്ങിന്റെ ഭാഗമായാണ് ക്രിസ്മസ് അലങ്കാര വസ്തുക്കൾ നിർമ്മിച്ചത്. അലങ്കാര നക്ഷത്രങ്ങൾ,ക്രിസ്മസ് റീത്തുകൾ, ട്രീ അലങ്കരിക്കാനുള്ള പേപ്പർ ബൾബുകൾ തുടങ്ങിയവ വിദ്യാർത്ഥികൾ നിർമ്മിക്കുന്നുണ്ട്. സമീപ മേഖലകളിൽ നിന്നുമായി നിരവധിപ്പേരാണ് ഇതിനോടകം തന്നെ കുട്ടികൾ നിർമ്മിച്ച ക്രിസ്മസ് അലങ്കാര വസ്തുക്കൾ വാങ്ങിയത്. വൊക്കേഷണൽ ട്രൈനിങ്ങിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമ്മാണം, മെഴുകുതിരി നിർമ്മാണം, വിവിധ കൃഷികൾ ഒപ്പം മുയൽ-കോഴി-താറാവ് വളർത്തൽ എന്നിവയുമുണ്ട് ഇവിടെ. വൊക്കേഷണൽ ട്രെയിനിങ്ങിലൂടെ മാനസികോല്ലാസത്തിനുമുപരി തൊഴിൽ നൈപുണ്യ വികസനവും ലക്ഷ്യമിടുന്നതായി പ്രിൻസിപ്പൽ സിസ്റ്റർ ജോസ്നാ പറഞ്ഞു. പ്രവർത്തനങ്ങൾക്ക് സ്‌കൂൾ മാനേജർ സിസ്റ്റർ റിമി റോസ്, സിസ്റ്റർ ആഷ്ലി, സിസ്റ്റർ ജെസ് എന്നിവർ നേതൃത്വം നൽകി. 108 വിദ്യാർത്ഥികളാണ് വിവിധ തലങ്ങളിലായി ഇവിടെ പരിശീലിക്കുന്നത്. അദ്ധ്യാപക അനദ്ധ്യാപക വിഭാഗങ്ങളിലായി 24 ജീവനക്കാരും ദീപ്‌തി സ്പെഷ്യൽ ജോലി ചെയ്യുന്നുണ്ട്. ബുദ്ധിവൈകല്യമുള്ളവരുടെ വിദ്യാഭ്യാസത്തിലും പുനരധിവാസത്തിലും മാതൃകാപരമായ മുന്നേറ്റങ്ങളാണ് ദീപ്‌തി സ്പെഷ്യൽ സ്‌കൂൾ നടത്തി വരുന്നത്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ കൊണ്ടൽ കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചിരുന്നു. കേരള സർക്കാരിൻറെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 1992 ഒക്ടോബർ 10നാണ് ആലപ്പുഴയിലെ ആദ്യത്തെ സ്പെഷൽ സ്കൂൾ ആയ ദീപ്തി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.