കോട്ടയം: വാഹനത്തിന്റെ വായ്പാ കുടിശിക അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) നൽകാത്ത എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് 27000 രൂപ നഷ്ടപരിഹാരം നൽകാനും എൻ.ഒ.സി. നൽകാനും കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു.
എറണാകുളം ചേലാട് സ്വദേശി കെ.ജെ. ഫിലിപ്പ് നൽകിയ പരാതിയിലാണ് നടപടി. വാഹനത്തിന്റെ വായ്പാ കുടിശിക മുഴുവൻ അടച്ചു തീർത്ത് എൻ.ഒ.സിക്കായി കോട്ടയം കഞ്ഞിക്കുഴിയിലെ എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്കിനെ സമീപിച്ചപ്പോൾ വായ്പയുടെ ജാമ്യക്കാരന് മറ്റൊരു ലോൺ കുടിശിക ഉള്ളതിനാൽ എൻ.ഒ.സി. നൽകാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചതോടെയാണ് ഫിലിപ്പ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. ജാമ്യക്കാരന് തിരിച്ചടവ് മുടങ്ങിയ മറ്റൊരു വായ്പയുണ്ടെന്നും അതിനാൽ പരാതിക്കാരന്റെ അക്കൗണ്ടിൽ അവർക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു ബാങ്കിന്റെ വാദം. രണ്ടു വായ്പകളും വ്യത്യസ്ത ഇടപാടുകളായതിനാലും പരാതിക്കാരൻ രണ്ടാം വായ്പയിൽ കക്ഷിയല്ലാത്തതിനാലും രണ്ടാം വായ്പയുടെ വീഴ്ചയ്ക്ക് പരാതിക്കാരനെ ബാധ്യസ്ഥനാക്കാനാകില്ലെന്ന് കോടതി കണ്ടെത്തി. അതിനാൽ പരാതിക്കാരന് എൻഒസി നിഷേധിക്കുന്നതിനുള്ള കാരണമായി ഇത് കണക്കാക്കാനാവില്ലെന്നും എൻഒസി നൽകുന്നത് വൈകിപ്പിച്ചതിലൂടെ സേവനത്തിൽ കുറവുണ്ടായതായും കോടതി കണ്ടെത്തി. വാണിജ്യ ആവശ്യത്തിനാണ് പരാതിക്കാരൻ ലോൺ നേടിയതെന്നും അതിനാൽ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് പരാതിക്കാരൻ ഉപഭോക്താവല്ലെന്നും ബാങ്ക് ആരോപിച്ചു. ആരോപണം സാധൂകരിക്കുന്ന തെളിവുകൾ നൽകുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. ഒരു വാണിജ്യ വാഹനം വാങ്ങുന്നത് കൊണ്ട് പരാതിക്കാരൻ ഒരു ഉപഭോക്താവല്ലാതാകുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. പരാതിക്കാരന് ബന്ധമില്ലാത്ത മറ്റൊരു വായ്പയിൽ ജാമ്യക്കാരന് കുടിശിക ഉണ്ടെന്നതിന്റെ പേരിൽ പരാതിക്കാരന്റെ എൻ.ഒ.സി. തടഞ്ഞുവയ്ക്കാൻ ബാങ്കിന് അധികാരമില്ലെന്നു കോടതി കണ്ടെത്തി. അനാവശ്യമായി പരാതിക്കാരനെ ബുദ്ധിമുട്ടിച്ചതിൽ പരാതിക്കാരനുണ്ടായ കഷ്ടനഷ്ടങ്ങളും മാനസിക വിഷമവും കണക്കിലെടുത്ത് എൻ.ഒ.സി. നൽകാനും 25,000 രൂപ നഷ്ടപരിഹാരമായും 2000 രൂപ കേസിന്റെ ചെലവായി നൽകാനും പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു.