സൈബർ തട്ടിപ്പുകാർക്കെതിരെ കരുതലോടെയിരിക്കണം, ഈ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളുടെ എണ്ണം ആയിരം കഴിഞ്ഞു.


കോട്ടയം: സൈബർ തട്ടിപ്പുകാർക്കെതിരെ കരുതലോടെയിരിക്കണമെന്നു പോലീസ്. പല രീതിയിൽ പല വിധത്തിലാണ് തട്ടിപ്പുകാർ രംഗത്തുള്ളത്. കോട്ടയം ജില്ലയിൽ മാത്രം ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ് കേസുകളുടെ എണ്ണം ആയിരം കഴിഞ്ഞു.

 

 നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്തും ഷെയർ മാർക്കറ്റിൽ ഇരട്ടി വരുമാനം ലഭിക്കുമെന്നും ഉൾപ്പടെയുള്ള രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്. നിങ്ങൾക്കുള്ള പാഴ്‌സലിൽ മയക്കുമരുന്ന് കണ്ടെത്തിയതായും പണമടയ്ക്കണമെന്നുമുള്ള സന്ദേശങ്ങളും നിങ്ങളുടെ മക്കളെ ലഹരിമരുന്ന് കൈവശം വെച്ചതിനു അറസ്റ്റ് ചെയ്‌തെന്നും പണം നൽകിയാൽ കേസിൽ നിന്നും ഒഴിവാക്കാമെന്നും ഉൾപ്പടെ വിവിധ രീതിയിലാണ് തട്ടിപ്പുകാർ നമുക്കിടയിലുള്ളത്. ഇവർ ചോദിക്കുന്ന പണം നൽകാതെ പേടികൂടാതെ തന്ത്രപരമായി നേരിടുക എന്നതാണ് പോംവഴി. പണം നൽകില്ല കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തോളു എന്ന മറുപടിയിൽ പലർക്കും വന്ന തട്ടിപ്പ് കോളുകാർ കോൾ കട്ട് ചെയ്തു മുങ്ങുകയായിരുന്നു. ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നൂറിലധികം കേസുകളിൽ നഷ്ടമായ തുക ഒരു കോടി രൂപയിലധികമാണ്. വിവിധ കേസുകളിൽ നിന്നായി സൈബർ പോലീസ് സംഘം 30 ലക്ഷം രൂപ തിരികെ പിടിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നായി 55 പേരെ തട്ടിപ്പിന് അറസ്റ്റ് ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു.