എരുമേലി: മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലി പുതുവർഷത്തിൽ ഒരുമയുടെ ആഘോഷ ദിനങ്ങൾക്കായി കാത്തിരിക്കുകയാണ്. പുതുവർഷം പിറക്കുന്നതോടെ എരുമേലി കാത്തിരിക്കുന്ന ദിനങ്ങളാണ് ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടവും അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലും.
ചന്ദനക്കുടം ജനുവരി 10 നും ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ 11 നു മാണ്. ഡിസംബർ 31 നു ചന്ദനക്കുട ആഘോഷങ്ങൾക്ക് എരുമേലി നൈനാർ ജുമാ മസ്ജിദിൽ കൊടിയേറും. ഗജവീരന്മാർ അണിനിരക്കുന്ന ചന്ദനക്കുട ഘോഷയാത്രയും പേട്ടതുള്ളലും നാട് ഒരുമയോടെയാണ് ആഘോഷിക്കുന്നത്. വാദ്യമേളങ്ങളാലും കലാവിരുന്നുകളാലും നയനവിസ്മയമൊരുക്കിയാണ് ചന്ദനക്കുട ഘോഷയാത്ര നടക്കുന്നത്. പുലർച്ചയോളം എരുമേലിയുടെ ആഘോഷരാവിലാണ് ചന്ദനക്കുടം ആഘോഷ പരിപാടികൾ നടക്കുന്നത്. പിറ്റേന്ന് പകൽ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലും നടക്കും. ഗജവീരന്മാരും വാദ്യമേളങ്ങളും ഇരു സംഘങ്ങളുടെയും പേട്ടതുള്ളലിന് മാറ്റുകൂട്ടും. ആഘോഷ ദിനങ്ങൾക്കൊരുങ്ങി ദീപാലങ്കാര പ്രഭയിലാണ് എരുമേലി നൈനാർ ജുമാ മസ്ജിദും ശ്രീ ധർമ്മ ശാസ്താ ക്ഷേത്രവും.