മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ശബരിമല, ഭക്തജനത്തിരക്കിൽ എരുമേലി, ആഘോഷ ദിനങ്ങൾക്കൊരുങ്ങി നാട്.


എരുമേലി: മണ്ഡലകാലത്തിന്റെ ചെറിയൊരു ഇടവേള കഴിഞ്ഞു മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ശബരിമല. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ശബരിമല നട തുറന്നു.

 

 ഞായറാഴ്ച പുലർച്ചെ മുതൽ എരുമേലിയിൽ തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ഭക്തജനത്തിരക്കിലായിരുന്നു എരുമേലി. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. മകരവിളക്കു കാലത്തെ പൂജകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിക്ക് ആരംഭിക്കും. രാത്രി 10 വരെ ദര്‍ശനത്തിന് സൗകര്യമുണ്ട്. ജനുവരി 14 നാണ് മകരവിളക്ക്. എരുമേലി പേട്ടതുള്ളൽ ജനുവരി 11 ന് നടക്കും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പുറപ്പെടും. 13 ന് പമ്പ വിളക്കും സദ്യയും നടക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. ഞായറാഴ്ച പരമ്പരാഗത കാനനപാത തുറന്നതോടെ നടന്നു മലകയറാനെത്തുന്ന തീർത്ഥാടകരുടെ എണ്ണവും കൂടി. ചന്ദനക്കുടം-പേട്ടതുള്ളൽ എന്നിവ പ്രമാണിച്ച് കൂടുതൽ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിക്കും. പരിശോധനകൾ കൂടുതൽ ശക്തമാക്കും.