കോട്ടയം: നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കി സപ്ലൈകോ ക്രിസ്മസ് ഫെയറിന് കോട്ടയം ജില്ലയിൽ തുടക്കം. കോട്ടയം മാവേലി ടവറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഫെയർ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, ബെന്നി മൈലാടൂർ, ടോമി വേദഗിരി, മേഖലാ മാനേജർ ആർ. ജയശ്രീ, താലൂക്ക് സപ്ലൈ ഓഫീസർ തരുൺ തമ്പി എന്നിവർ പ്രസംഗിച്ചു. ഡിസംബർ 30 വരെയാണ് വിപണനമേള. സപ്ലൈകോ ജില്ലാ വിപണനമേളകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്ളാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. സബ്സിഡി സാധനങ്ങൾക്ക് പുറമേ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ട്. 150 ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുകളും നൽകുന്നത്.