കോട്ടയം ജില്ലയിൽ കനത്ത മഴ: കെ കെ റോഡിൽ വെള്ളം കയറി, പാമ്പാടിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.


കോട്ടയം: ശനിയാഴ്ച വൈകിട്ട് മുതൽ ആരംഭിച്ച ഇടവിട്ടുള്ള ശക്തമായ മഴയിൽ ജില്ലയിലെ വിവിധ റോഡുകളിൽ വെള്ളം കയറി. കോട്ടയത്ത് കനത്ത മഴയിൽ‌ പാമ്പാടി കാളചന്തയിലും കെ.കെ റോഡിലും വെള്ളം കയറി. കാളച്ചന്തത്തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തോട് കരകവിഞ്ഞു റോഡിലേക്കൊഴുകുകയായിരുന്നു. ഇതേത്തുടർന്ന് സമീപത്ത് റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആലംപള്ളി കുറ്റിക്കൽ റോഡിലും വെള്ളക്കെട്ടുണ്ടായി. മഴ ശനിയാഴ്ച രാത്രിയോടെ ആരംഭിച്ചെങ്കിലും ഞായറാഴ്ച രാവിലെ മുതൽ ശക്തമാകുകയായിരുന്നു. വട്ടമലപ്പടി-സിഎസ്ഐ പള്ളി റോഡ്, കത്തീഡ്രൽ-മീനടം റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. പ്രദേശത്ത് സമീപത്തുള്ള വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പേരാളൂരിൽ സ്വകാര്യ പുരയിടത്തിന്റെ മതിൽ ഇടിഞ്ഞുവീണു. വെട്ടത്തുകവല മീനടം റോ‍ഡിൽ പൊങ്ങൻപാറ ഭാഗത്ത് കൃഷിയിടത്തിൽ വെള്ളം കയറി.