ഫെയ്ഞ്ചൽ പ്രഭാവം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, കോട്ടയത്ത് റെഡ് അലേർട്ട്! മുൻകരുതലുകളും മുന്നറിയിപ്പുകളുമായി ജില്ലാ ഭരണകൂടം.


കോട്ടയം: പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇതോടെ സംസ്ഥാനത്ത് തുലാവർഷം വീണ്ടും ശക്തമാകുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് മുന്കരുതലുകളൊരുക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കോട്ടയം ജില്ലാ ഭരണകൂടം. ജില്ലയിൽ ശനിയാഴ്ച രാത്രി മുതൽ ഇടവിട്ടുള്ള ശക്തമായ മഴ ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ജില്ലയുടെ കിഴക്കൻ മലയോര മേഘലകളിലുൾപ്പടെ അതിശക്തമായ ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്. ജില്ലയിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് ഡിസംബർ രണ്ടിന് മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കും. ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് റെഡ്-യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ഡിസംബർ നാല് വരെ ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവിറക്കി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാല യാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിരോധനം ഏർപ്പെടുത്തി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.