കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി. സംഭവത്തിൽ കോട്ടയം അഡീഷണല്‍ ജില്ലാ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസമാണ് കേസില്‍ വാദം പൂര്‍ത്തിയായത്.
2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ കെ വി കുര്യന്റെയും റോസ് കുര്യന്റെയും ഇളയ മകൻ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയ(78) എന്നിവരാണ് സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അക്രമത്തിൽ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് മരിച്ചത്. എറണാകുളത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്ന ജോർജ് കുര്യന് കടമുണ്ടായിരുന്നതായും ഈ കടം വീട്ടാൻ കുടുംബ സ്വത്ത് വിൽക്കുന്നതിനായി ജോർജ് പദ്ധതിയിടുകയുമായിരുന്നു. എന്നാൽ കുടുംബ സ്വത്ത് വിൽക്കാൻ അനുജനും ബന്ധുക്കളും സമ്മതിച്ചില്ല എന്നും ഇക്കാര്യങ്ങൾ സംസാരിക്കാനെത്തിയ തന്നെ അനുജനും അമ്മാവനും ചേർന്ന് മർദിക്കുകയും ആക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് വെടിവെച്ചതെന്നുമാണ് പ്രതി പൊലീസിന് നൽകിയിരുന്ന മൊഴി. കുടുംബ വീടിനോടു ചേർന്നുള്ള സ്ഥലമാണ് പിതാവ് ജോർജ് കുര്യന് എഴുതി നൽകിയത്. എന്നാൽ കുടുംബ സ്വത്തിന്റെ കൂടുതൽ ഭാഗം തനിക്ക് ലഭിച്ചത് സഹോദരനും മാതൃസഹോദരനും എതിർപ്പുളവാക്കിയെന്നും ജോർജ് കുര്യൻ പോലീസിനോട് പറഞ്ഞു. സംഭവ ദിവസത്തിനു മൂന്നു ദിവസം മുൻപ് കാഞ്ഞിരപ്പള്ളിയിൽ എത്തിയ ജോർജ് വീട്ടിലെത്തി ഇക്കാര്യങ്ങൾ ഇരുവരുമായി സംസാരിച്ചു. വീടിനോടു ചേർന്നുള്ള മുറിയിലായിരുന്നു സംസാരം. ഇതിനിടെ വാക്കേറ്റം കടുത്തപ്പോൾ അനുജനും അമ്മാവനും തന്നെ മർദിക്കുകയായിരുന്നു എന്നും ഇതേത്തുടർന്നാണ് താൻ വെടി വെച്ചതെന്നുമാണ് ജോർജ് കുര്യൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്. ദൃക്‌സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. കൊലപാതകം, ആയുധം കൈവശം വെയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വെടിയേറ്റ സഹോദരൻ രഞ്ജു കുര്യൻ വീട്ടിൽ വെച്ചും മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്.