അദാലത്ത് കുടിവെള്ള സമിതിയുടെ ഭാരം കുറച്ചു; വെള്ളക്കരത്തിന്റെ പിഴപ്പലിശ ഒഴിവാക്കി, കുടിശിക 10 തവണകളായി അടക്കാൻ അവസരം.


കോട്ടയം: കുടിവെള്ള പദ്ധതി സമിതിയുടെ വെള്ളക്കരത്തിന്റെ പിഴപ്പലിശ ഒഴിവാക്കി കുടിശിക തവണകളായി അടക്കാൻ ഇളവ് നൽകി കോട്ടയം താലൂക്ക് അദാലത്ത്്. മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്്റ്റിനും പങ്കെടുത്ത കോട്ടയം താലൂക്ക് അദാലത്തിൽ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിലെ കളരിക്കൽ കുടിവെള്ള പദ്ധതിയുടെ കൺവീനറുടെ പരാതി പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാനും തവണകളായി കുടിശിക അടയ്ക്കാനുമുള്ള ഇളവ് നൽകിയത്.

 

 നീണ്ടൂർ പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലെ 62 കുടുംബങ്ങൾക്കായുള്ള പദ്ധതിയാണ് 27 വർഷം മുമ്പു സ്ഥാപിച്ച കളരിക്കൽ കുടിവെള്ള പദ്ധതി. ജലക്ഷാമം രൂക്ഷമായതിനെത്തുടർന്നാണ് വാട്ടർ അതോറിട്ടിയുടെ കണക്ഷൻ എടുത്തത്. 2019വരെ ബിൽ ലഭിക്കുകയും അടയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് ബില്ലുകൾ ലഭിച്ചിട്ടില്ലെന്നും അധികതർ ഇക്കാര്യത്തിൽ വീഴ്ചവരുത്തിയെന്നും 2024 ഒക്‌ടോബറിൽ 4,16,355 രൂപയുടെ ബിൽ ലഭിച്ചതായും ഇത്രയും തുക തങ്ങൾക്ക് താങ്ങാനാവുന്നതല്ല എന്നും കാണിച്ചാണ് കുടിവെള്ള സമിതി അദാലത്തിനെ സമീപിച്ചത്. പരാതി പരിഗണിച്ച മന്ത്രിമാർ പിഴപ്പലിശ ഒഴിവാക്കാൻ നിർദേശം നൽകി. ശേഷിക്കുന്ന തുകയിൽ 15 ശതമാനം ആദ്യതവണയായി അടക്കണം. ഇത്തരത്തിൽ പത്തു തുല്യവണകളായി അടച്ചു പ്രശ്‌നം പരിഹാരിക്കാൻ അനുവദിക്കണമെന്നു വാട്ടർ അതോറ്റിട്ടിക്കു നിർദേശവും നൽകി.