കോട്ടയത്തിനു പുത്തൻ ഷോപ്പിംഗ് വസന്തം സമ്മാനിച്ചു ലുലു, അക്ഷരനഗരിക്ക് ക്രിസ്മസ് സമ്മാനമായി ലുലു മാൾ പ്രവർത്തനം ആരംഭിച്ചു.


കോട്ടയം: കോട്ടയത്തിനു പുത്തൻ ഷോപ്പിംഗ് വസന്തം സമ്മാനിച്ചു അക്ഷരനഗരിക്ക് ക്രിസ്മസ് സമ്മാനമായി ലുലു മാൾ പ്രവർത്തനം ആരംഭിച്ചു. ശനിയാഴ്ച രാവിലെ കോട്ടയം മണിപ്പുഴയില്‍ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

 

 അക്ഷരനഗരിക്ക് തിലകക്കുറിയായി ലുലു മിനിമാൾ മാറുമെന്നതിൽ സംശയമില്ല. എം പി ഫ്രാൻസീസ് ജോർജ്, ജോസ് കെ മാണി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, കോട്ടയം നഗരസഭാ അധ്യക്ഷ ബിബിസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണിത്. നാട്ടകം മണിപ്പുഴ ജങ്ഷനു സമീപം എംസി റോഡരികിലാണ് ലുലു മിനി മാൾ. നാട്ടകത്ത് 28,000 ചതുരശ്ര മീറ്റ‍ർ (മൂന്നു ലക്ഷം ചതുരശ്രയടി) വിസ്തീർണത്തിലാണ് ലുലു മാൾ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് ഉൾപ്പെടെ 25ലധികം ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ മാളിലുണ്ടാകും. 800 ചതുരശ്ര മീറ്ററുള്ള ഫാമിലി എൻ്റർടെയ്ൻമെൻ്റ് സെൻ്ററാണ് ജില്ലയിലെ ലുലു മാളിൻ്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. 10 മൾട്ടി ക്യുസിൻ ഔട്ട്ലെറ്ററടക്കം 500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ് കോർട്ടും മാളിന്റെ പ്രത്യേകതയാണ്. 1000ത്തോളം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും മാളിൽ ഒരുക്കിയിട്ടുണ്ട്. കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർക്ക് പുത്തൻ ഷോപ്പിംഗ് വിസ്മയം സമ്മാനിക്കാൻ ലുലുവിനു സാധിക്കും. കോട്ടയത്തേത് ലുലുവിന്റെ മിനി മാൾ ആണ്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിൽ ലുലു മാളുകളുള്ളത്. മക്ഡോണൾസ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ–ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയ ബ്രാൻഡുകൾ കോട്ടയം ലുലു മാളിലുണ്ട്.