കോട്ടയം: കാത്തിരിപ്പിന് വിരാമമിട്ട് അക്ഷര നഗരിക്ക് ഷോപ്പിംഗ് വിസ്മയം സമ്മാനിച്ചു കോട്ടയത്ത് ലുലു ഹൈപ്പർമാർക്കറ്റ് 14 മുതൽ പ്രവർത്തനം ആരംഭിക്കും. കോട്ടയം മണിപ്പുഴയിൽ ആണ് ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. കോട്ടയത്ത് ആരംഭിക്കുന്നത് ലുലു മിനി മാൾ ആണ്. കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണിത്. നാട്ടകം മണിപ്പുഴ ജങ്ഷനു സമീപം എംസി റോഡരികിലാണ് ലുലു മിനി മാൾ. നാട്ടകത്ത് 28,000 ചതുരശ്ര മീറ്റർ (മൂന്നു ലക്ഷം ചതുരശ്രയടി) വിസ്തീർണത്തിലാണ് ലുലു മാൾ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് ഉൾപ്പെടെ 25ലധികം ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ മാളിലുണ്ടാകും. 800 ചതുരശ്ര മീറ്ററുള്ള ഫാമിലി എൻ്റർടെയ്ൻമെൻ്റ് സെൻ്ററാണ് ജില്ലയിലെ ലുലു മാളിൻ്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. 10 മൾട്ടി ക്യുസിൻ ഔട്ട്ലെറ്ററടക്കം 500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ് കോർട്ടും മാളിന്റെ പ്രത്യേകതയാണ്. 1000ത്തോളം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും മാളിൽ ഒരുക്കിയിട്ടുണ്ട്. കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർക്ക് പുത്തൻ ഷോപ്പിംഗ് വിസ്മയം സമ്മാനിക്കാൻ ലുലുവിനു സാധിക്കും. കോട്ടയത്തേത് ലുലുവിന്റെ മിനി മാൾ ആണ്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിൽ ലുലു മാളുകളുള്ളത്. മക്ഡോണൾസ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ–ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയ ബ്രാൻഡുകൾ കോട്ടയം ലുലു മാളിലുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ യൂസഫലി തന്നെ അടുത്തിടെ കോട്ടയത്ത് എത്തിന്റെ മാളിന്റെ ഒരുക്കങ്ങള്‍ നേരിട്ട് നിരീക്ഷിച്ചിരുന്നു. ഉൽപന്നങ്ങൾ ആദ്യമായി ഷെൽഫുകളിൽ എടുത്തുവയ്ക്കുന്ന കർമവും അന്ന് അദ്ദേഹം നിർവഹിച്ചിരുന്നു.