മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കും: മന്ത്രി വി എൻ വാസവൻ.


പത്തനംതിട്ട: ണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നു ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു.  കലക്ട്രേറ്റിൽ മകരവിളക്കുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേർന്നു സംസാരിക്കുകയായിരുന്നു മന്ത്രി.

 

 ഇതുവരെ 32,79,761 പേരാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്.  5,73,276 പേര്‍ സ്‌പോട്ട് ബുക്കിംഗ് വഴിയും 75,562 പേര്‍ കാനനപാതയിലൂടെയും.  സംസ്ഥാനസര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏകോപനത്തോടെ പ്രവര്‍ത്തിച്ച് പരാതിരഹിത തീര്‍ഥാടനം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു. മകരവിളക്കിന്റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് തുടങ്ങും. ഘോഷയാത്ര കടന്നുവരുന്ന പാതകള്‍ സഞ്ചാരയോഗ്യമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. അപകടകരമായ മരചില്ലകള്‍ വെട്ടിമാറ്റണം. വഴിവിളക്കുകള്‍  ഉറപ്പാക്കണം. തീര്‍ഥാടകര്‍ക്ക് ദാഹം ജലവും ലഭ്യമാക്കണം. പാതയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. വന്യമൃഗ ഭീഷണിയുള്ള സ്ഥലങ്ങളില്‍ വനംവകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കണമെന്നും തിരികെയുള്ള യാത്രയിലും സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനുവരി 12,13,14 തീയതികളില്‍ കൂടുതല്‍ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ നിയന്ത്രണത്തിന് പോലീസ് പ്രത്യേകം പദ്ധതി തയാറാക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കണം. മകരവിളക്ക് വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കണം. പമ്പയില്‍ സ്‌പോട്ട് ബുക്കിംഗിനായി നിലവില്‍ സജീകരിച്ചിട്ടുള്ള ഏഴ് കൗണ്ടറുകള്‍ 10 ആയി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേകം കൗണ്ടര്‍ ക്രമീകരിക്കും. മന്ത്രി വീണാ ജോർജ്ജ്, എംഎല്‍എ മാരായ പ്രമോദ് നാരായണ്‍, കെ. യു. ജനീഷ് കുമാര്‍, ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ ജി. സുന്ദരേശന്‍, എ. അജികുമാര്‍, എഡിജിപി എസ്. ശ്രീജിത്ത്, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍,ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍, ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍,  ദേവസ്വം കമ്മിഷണര്‍ സി. വി. പ്രകാശ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരഹരി ബാബു, ദേവസ്വം പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ രഞ്ജിത്ത് ശേഖര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.