കോട്ടയം: വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനായി കർദിനാൾ മാർ ജോർജ് കൂവക്കാട്(51). വത്തിക്കാനിൽ നടന്ന വിശുദ്ധ നിമിഷങ്ങൾക്ക സാക്ഷിയായി ഭാരത കത്തോലിക്കാ സഭ.
ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ത്യൻ സമയം രാത്രി എട്ടരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കേരളത്തിലും പ്രത്യേകം പ്രാർത്ഥനകളും നടന്നിരുന്നു. ഭാരത കത്തോലിക്കാ സഭയ്‌ക്കൊപ്പം കോട്ടയത്തിനും അഭിമാന നിമിഷമായിരുന്നു ഇത്. ചങ്ങനാശേരി അതിരൂപതയ്ക്ക് ലഭിച്ച മൂന്നാമത്തെ കർദിനാൾ ആണ് കർദിനാൾ മാർ ജോർജ് കൂവക്കാട്. കർദിനാൾമാരായ മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവർക്ക് പിൻഗാമിയായി ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും മൂന്നാമത്തെ കർദിനാൾ ആണ് കർദിനാൾ മാർ ജോർജ് കൂവക്കാട്. പൗരോഹിത്യത്തിന്‍റെ 20ാം വര്‍ഷത്തിലാണ് ഈ അസുലഭ ഭാഗ്യം മാർ ജോർജ് കൂവക്കാടിനെ തേടിയെത്തിയത്. ചുവന്ന തൊപ്പിയും പത്രോസിന്റെയും പൗലോസിന്റെയും ചിത്രങ്ങൾ പതിച്ച മോതിരവും മാർപ്പാപ്പ അണിയിച്ചു. കൂവക്കാടിനൊപ്പം 20 പേരുടെയും സ്ഥാനാഭിഷേക ചടങ്ങുകൾ നടന്നു. സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, അനിൽ ആന്റണി, ചാണ്ടി ഉമ്മൻ ഒപ്പം നിരവധി മലയാളികളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കർദിനാളായവരിൽ ബിഷപ്പാകാതെ ആ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളാണ് ജോർജ് ജേക്കബ് കൂവക്കാട്. മാർപാപ്പയെ തെരഞ്ഞെടുക്കുന്നവരിൽ ഒരാളായിട്ടാണ് മാർ ജോർജ് ജേക്കബ് നിയുക്തനായിരിക്കുന്നത്. കേരളത്തിൽനിന്ന് ഒരേസമയം മൂന്നു കർദിനാൾമാർ ഉണ്ടാകുന്നതും സിറോ മലബാർ സഭയിൽനിന്ന് ഒരേസമയം രണ്ടു കർദിനാൾമാർ ഉണ്ടാകുന്നതും ഇത് ആദ്യമാണ്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.