മുണ്ടക്കയം: മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു. സംഭവത്തിൽ വാഹന ഡ്രൈവർക്ക് പരിക്കേറ്റു.
ശബരിമല പാതയായ മുണ്ടക്കയം-കോരുത്തോട് റോഡിൽ വണ്ടൻപതാൽ തെക്ക് കൂപ്പിനു സമീപമാണ് അപകടം ഉണ്ടായത്. പഴയ പനക്കച്ചിറ പാലത്തിനു സമീപം റോഡിലേക്ക് ഓടിക്കയറിയ കാട്ടുപോത്ത് ഇതുവഴിയെത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കാട്ടുപോത്ത് ചത്തു. തമിഴ്‌നാട്ടിൽ നിന്നും ശബരിമലയിലേക്ക് പോകുന്നതിനായി എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹന ഡ്രൈവർ കുംഭകോണം സ്വദേശി മണികണ്ഠന് ആണ് പരിക്കേറ്റത്.