കോട്ടയം: നിയമ ലംഘനങ്ങളും വാഹനങ്ങളുടെ അമിത വേഗവും തടയുന്നതിനും പരിശോധനകൾക്കുമായി ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സംയുകത വാഹന പരിശോധനയിൽ ആദ്യദിനത്തിൽ 71 കേസുകൾ രജിസ്‌റ്റർ ചെയ്‌തു 2,21,250 രൂപ പിഴയീടാക്കി.
സ്ഥിരം അപകട മേഖലകളിലാണ് സംയുകത പരിശോധന നടത്തുന്നത്. മണർകാട്, കോടിമത, ചങ്ങനാശേരി പ്രദേശങ്ങളിലായിരുന്നു ആദ്യദിനം പരിശോധന നടത്തിയത്. ബുധനാഴ്ച പാമ്പാടി, പൊൻകുന്നം, മണിമല ഭാഗത്താണ് പരിശോധന നടത്തിയത്. വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന നടത്തിയത്. സംസ്ഥാനത്തെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും. ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽടും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക എന്നിവയ്ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാബോധമുള്ളവരാക്കികൊണ്ട് അപകടങ്ങളില്ലാതാക്കാനുള്ള ബോധവൽക്കരണ പരിപാടികൾ സംയുക്തമായി സംഘടിപ്പിക്കും.