ശബരിമലയിലേക്ക് പരമ്പരാഗത കാനന പാതയിലൂടെ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക പാസ് നൽകാൻ ആരംഭിച്ചു.


എരുമേലി: ശബരിമലയിലേക്ക് പരമ്പരാഗത കാനന പാതയിലൂടെ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക പാസ് നൽകാൻ ആരംഭിച്ചു. എരുമേലി വഴി കിലോമീറ്ററുകൾ താണ്ടി കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന വേണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്.

 

 ദിവസങ്ങൾക്ക് മുമ്പ് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഈ കാര്യം ചർച്ച ചെയ്യുകയും തീർത്ഥാടകർക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തു. ഇതിനായി എരുമേലി വഴി വരുന്നവർക്ക് പ്രത്യേക പാസ് അനുവദിച്ചു. ഇതുവഴി വരുന്ന ഭക്തർക്ക് പരമ്പരാഗത പാത ഒഴിവാക്കി നടപ്പന്തലിൽ എത്തി അവിടെയുള്ള വരിയും ഒഴിവാക്കി നേരെ പതിനെട്ടാംപടി കയറി ദർശനം നടത്താനാണ് അവസരം ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിൻ്റെ ഇടപെടലും ഈ കാര്യത്തിൽ എടുത്ത് പറയേണ്ടതാണ്. പ്രത്യേക പരിഗണന ലഭിച്ച് മല കയറിയ തീർത്ഥാടക സംഘത്തിന് ഇന്ന് സന്നിധാനത്ത് സ്വീകരണവും നൽകി. ഏകദേശം 30 കിലോമീറ്റർ ദൂരമാണ് കാനന പാതയിലൂടെ ദർശനത്തിനായി ഇവർ താണ്ടിയത്.