മുണ്ടക്കയം: പുല്ലുപാറയിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 ആയി. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം ആണ് അപകടം ഉണ്ടായത്. ബസ്സ് റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലും കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിലും ചികിത്സയിലാണ്. ബ്രേക്ക് നഷ്ടമായ വാഹനം റോഡിൻ്റെ ബാരിക്കേഡ് തകർത്ത് താഴ്ചയിലേക്ക് പോവുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്. ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ഇടുക്കി പുല്ലുപാറ ബസ് അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. മരണമടഞ്ഞ നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.