പാലക്കാട്: പാലക്കാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കോട്ടയം സ്വദേശികളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശി സനല്‍ (25) സഹയാത്രികയായ കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍(25) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ വടക്കഞ്ചേരി മണ്ണുത്തി ചുവട്ടുപാടത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. കോട്ടയം പാമ്പാടി കൂരോപ്പട പുലിയുറുമ്പിൽ സജിയുടെയും ഷൈലയുടെയും മകൻ ആണ് സനൽ. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ തൃശൂർ ഭാഗത്തുനിന്നു പാലക്കാട് ഭാഗത്തേക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയവർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവിയോണ്‍ മരിച്ചത്. സനലിന് ഫിലിം എഡിറ്റിങ്ങാണ് ജോലി. കോട്ടയം ചങ്ങനാശേരി പെരുമ്പനച്ചി വെള്ളിപറമ്പിൽ വീട്ടിൽ ഫ്രാൻസീസിന്റെ മകളാണ് ഇവിയോൺ. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.