കോട്ടയം പാമ്പാടിയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് ലോട്ടറി വില്‍പനക്കാരിക്ക് ദാരുണാന്ത്യം.


പാമ്പാടി: കോട്ടയം പാമ്പാടിയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് ലോട്ടറി വില്‍പനക്കാരിക്ക് ദാരുണാന്ത്യം.കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടിൽ രവീന്ദ്രൻ്റെ ഭാര്യ ഓമന രവീന്ദ്രനാണ്(56) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. പാമ്പാടി കറുകച്ചാൽ റോഡിൽ കുറ്റിക്കൽ ജങ്ഷനിലൂടെ ലോട്ടറി വിൽക്കുന്നതിനായി നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കറുകച്ചാൽ ഭാഗത്തേക്ക് പോകുകയിരുന്ന കാർ അമിത വേഗതയിൽ എത്തി ഓമനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഓമന വൈദ്യുതി പോസ്റ്റിലിടിച്ച ശേഷമാണ് വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഓമനയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമനയുടെ ഭര്‍ത്താവ് രവീന്ദ്രനും ലോട്ടറിത്തൊഴിലാളിയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് കാര്‍ ഓടിച്ചയാളെ കസ്റ്റഡിയില്‍ എടുക്കുകയും കേസെടുക്കുകയും ചെയ്തു. മക്കൾ: അനു,അഞ്ജലി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ശനിയാഴ്ച 2 മണിക്ക്.