ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് പ്രസംഗ മത്സരം: ആഞ്ജല എം. ജോസിക്കും, എസ്. ഐശ്വര്യയ്ക്കും ഒന്നാം സ്ഥാനം.


കോട്ടയം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ യുവജന ബോധവൽക്കരണ വിഭാഗമായ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി പ്രസംഗ മത്സരം നടത്തി.  ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ പ്രസക്തിയേപ്പറ്റിയും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനേക്കുറിച്ചും യുവജനങ്ങൾ ബോധവാന്മായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം കുറയുന്നുവോ?' എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ  25 പേർ പങ്കെടുത്തു. കോളജ് വിഭാഗത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ്  കോളജ് ഓഫ് അപ്ളൈഡ് സയൻസസിലെ ആഞ്ജല എം. ജോസി ഒന്നാം സ്ഥാനം നേടി. ഇതേ കോളജിലെ കൃപ മറിയം വർഗീസിനാണ് രണ്ടാം സ്ഥാനം. ബോബി വർഗീസ് (കുര്യാക്കോസ് ഗ്രിഗോറിയോസ് കോളജ് പാമ്പാടി), ശ്രേയാ മോൾ ജോസഫ് (എസ്.ബി.കോളജ് ചങ്ങനാശ്ശേരി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്. ഐശ്വര്യ ഒന്നാം സ്ഥാനം നേടി. ജനുവരി 25ന് നടക്കുന്ന സമ്മതിദായക ദിനാചരണത്തിൽ വെച്ച് സമ്മാനങ്ങൾ നൽകും. ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അധ്യക്ഷത വഹിച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോഓർഡിനേറ്റർമാരായ ഡോ. വിപിൻ കെ. വറുഗീസ്, ടി. സത്യൻ, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് പി. അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ നിയമ ഓഫിസർ  ടി.എസ്. സബി , ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ വിധികർത്താക്കളായിരുന്നു.