എരുമേലിക്ക് ആഘോഷരാവിൽ ചന്ദനക്കുടം ഇന്ന്! ചന്ദനക്കുടവും പേട്ടകെട്ടും എരുമേലിക്ക് ഇനി 2 നാൾ ഉത്സവ ദിനങ്ങൾ.


എരുമേലി: എരുമേലിക്ക് ആഘോഷരാവിൽ ചന്ദനക്കുടം ഇന്ന്. മാനവ മത മൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയിൽ ഇനി 2 നാൾ ഉത്സവ ദിനങ്ങൾ. ചന്ദനക്കുടം ഉത്സവവും ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളലും. ഇന്ന് രാത്രിയാണ് ചന്ദനക്കുടം. നാളെയാണ് അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളൽ. ചന്ദനക്കുട ആഘോഷങ്ങൾക്കും എരുമേലി പേട്ടകെട്ടിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദീപശോഭയിൽ പ്രകാശിച്ചു നിൽക്കുകയാണ് എരുമേലി നൈനാർ ജുമാ മസ്ജിദ്. ഒപ്പം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രവും. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടികളോടെ രാത്രി വെളുക്കോളമുള്ള നാടിന്റെ ആഘോഷമാണ് എരുമേലി ചന്ദനക്കുടം. പേട്ടക്കവലയിലെ കൊച്ചമ്പലത്തില്‍ തൊഴുതുപ്രാര്‍ഥിച്ച് അഭിമുഖമുള്ള മുസ്ലിം പള്ളിയിലെത്തി നടയില്‍ കാലെടുത്തുവയ്ക്കും മുമ്പ് കൈ തൊട്ട് വന്ദിച്ച് ആദരവോടെ വണങ്ങുന്ന ഹിന്ദുമത വിശ്വാസികള്‍. അയ്യപ്പനെ ധ്യാനിച്ച് ശരണം വിളികളോടെ എത്തുന്ന അവരെ മുല്ലപ്പൂക്കള്‍ വിതറി സഹോദര സ്‌നേഹത്തോടെ സ്വീകരിക്കുന്ന മുസ്ലിം സഹോദരങ്ങള്‍. ആശംസകളുമായി എരുമേലി ക്രിസ്ത്യൻ പള്ളിയിലെ പുരോഹിതനും വിശ്വാസികളും. ദശാബ്ദങ്ങള്‍ക്കപ്പുറത്ത് തുടങ്ങിയ ഈ കാഴ്ചയുടെ പ്രഭയിലാഴാൻ ഒരുങ്ങുകയാണ് ഇപ്പോള്‍ എരുമേലി. ഒരുമയുടെ, എരുമേലിയുടെ ചന്ദനക്കുട മഹോത്സവം ഇന്നാണ്. ഇന്ന് വൈകുന്നേരത്തോടുകൂടി ആരംഭിക്കുന്ന ചന്ദനക്കുടം ഒരു നാടിന്റെ ഒരുമയുടെ ആഘോഷമാണ്. എരുമേലി മഹല്ല് മുസ്ലിം ജമാ അത്ത്  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചന്ദനക്കുട മഹോത്സവം കാണാൻ ആയിരങ്ങൾ എരുമേലിയിൽ എത്തും. പിറ്റേന്ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടകെട്ട് കാണാനും ആയിരങ്ങൾ തടിച്ചു കൂടും. വാദ്യ ദൃശ്യ വിസ്മയത്തോടൊപ്പം വർണ്ണ ശബളമായ ഘോഷയാത്രയും ഗജവീരന്മാരും ഇരു ദിവസങ്ങളിലും അണിനിരക്കും. വൈകിട്ട് 5 മണിക്ക് അമ്പലപ്പുഴ സംഘവുമായി സൗഹൃദ സമ്മേളനത്തോടെയാണ് ചന്ദനക്കുട ആഘോഷം ആരംഭിക്കുന്നത്. ഉൽഘാടന സമ്മേളനത്തിൽ മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, എം പി ആന്റോ ആന്റണി, എംഎൽഎ മാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ,ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളി വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ,  ജില്ലാ കളക്ടർ ജോൺ വി സാമുവൽ, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, രാഷ്ട്രീയ സമുദായിക, സാമൂഹിക സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 2 ദിവസം എരുമേലിയിൽ ഗതാഗത നിയന്ത്രണവും മദ്യ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലിയുടെ വിവിധ മേഖലകളിൽ ചന്ദനക്കുടം ഘോഷയാത്രയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. 

 

Next
This is the most recent post.
Previous
Older Post