മഴയിലും ചോരാതെ ആവേശം, ആഘോഷത്തിമിർപ്പിൽ എരുമേലിയുടെ ചന്ദനക്കുടം.


എരുമേലി: വെള്ളിയാഴ്ച വൈകുന്നേരം രണ്ടു മണിക്കൂറോളം പെയ്ത ശക്തമായ മഴ ചന്ദനക്കുടം ഉത്സവത്തിന്റെ മാറ്റ് കുറയ്ക്കുമെന്ന് പേടിച്ചവർക്ക് മഴ താഴ്ന്നതോടെ മഴയിലും ചോരാത്ത ആവേശത്തിൽ ആഘോഷത്തിമിർപ്പിലായിരുന്നു എരുമേലിയുടെ ചന്ദനക്കുടം. ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് എത്തിച്ചേർന്ന അമ്പലപ്പുഴ-ആലങ്ങാട് പേട്ടസംഘവും മഹല്ലാ മുസ്ലീം ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ ചന്ദനക്കുടം ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലുള്ളവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയുടെ നാടൊരുമിക്കുന്ന ആഘോഷമാണ് ചന്ദനക്കുടം മഹോത്സവം. മാനവ മത മൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയിൽ ഇന്ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലിനു മുന്നോടിയായി നടത്തപ്പെടുന്ന ചന്ദനക്കുട മഹോത്സവം എരുമേലിക്ക് സമ്മാനിച്ചത് ആഘോഷരാവ്. നിറച്ചാർത്തുകളിലും ദീപാലങ്കാരങ്ങളാലും സ്വർണ്ണ പ്രഭയിലായിരുന്നു എരുമേലി നൈനാർ ജുമാ മസ്ജിദ്. വാദ്യമേളങ്ങളുടെയും നൃത്ത-നൃത്ത്യ കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു ചന്ദനക്കുട ഘോഷയാത്ര നടത്തിയത്. എരുമേലിയെ ജനസാഗരമാക്കി ആഘോഷരാവിൽ ചന്ദനക്കുട മഹോത്സവം.

ചിത്രം: സോഷ്യൽ മീഡിയ.