ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലി, വിശ്വാസ പെരുമയിൽ ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഇന്ന്.


എരുമേലി: ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പെട്ടതുള്ളലിനൊരുങ്ങി എരുമേലി. ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത്. പേട്ട തുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇരു സംഘങ്ങളും ഇന്നലെ എരുമേലിയിൽ എത്തിയിരുന്നു. രാവിലെ 11 മണിയോടെ ശ്രീകൃഷ്‌ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. സമൂഹപെരിയോൻ എൻ ഗോപാലകൃഷണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പലപ്പുഴ പേട്ടതുള്ളൽ നടത്തുന്നത്. വാവർ പള്ളിയിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത് ഭാരവാഹികൾ സ്വീകരിക്കും. സംഘത്തോടൊപ്പം ജമാഅത് പ്രതിനിധി വലിയമ്പലം വരെ അനുഗമിക്കും. ഉച്ചക്ക് ശേഷം 2 മണി കഴിഞ്ഞു ആകാശത്ത് വെള്ളിനക്ഷത്രത്തെ ദർശിക്കുന്നതോടെ ആലങ്ങാട്ട് സംഘം പേട്ട തുള്ളിയിറങ്ങും. സംഘത്തെ ജമാഅത് ഭാരവാഹികൾ സ്വീകരിക്കും. ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാതെ വലിയമ്പലത്തിലേക്ക് പോകും. വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാതെ വലിയമ്പലത്തിലേക്ക് പോകുന്നത്. ഗജവീരന്മാരും വാദ്യമേളങ്ങളും കലാരൂപങ്ങളും പെട്ടതുള്ളലിന് മാറ്റ് കൂട്ടും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്.