അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ മണിമലക്കാവ് ആഴിപൂജ ഭക്തിസാന്ദ്രം.


മണിമല: അയ്യപ്പ സ്വാമിയുടെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാർ സമൂഹ പെരിയോൻ എൻ ഗോപാകൃഷ്ണ പിള്ള സ്വാമിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ മണിമലക്കാവ് ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രി നടത്തിയ ആഴിപൂജ ഭക്തിസാന്ദ്രം. നിരവധി ഭക്തജനങ്ങളാണ് മണിമലക്കാവിൽ ആഴിപൂജയ്ക്കായി എത്തിയത്. അയ്യപ്പ ശരണ മന്ത്രങ്ങളാൽ സംഘം ആഴിപൂജയ്ക്ക് ചുറ്റും വളം വെച്ചപ്പോൾ ശരണം വിളികളാൽ അന്തരീക്ഷം മുഖരിതമായി. വെള്ളിയാഴ്ച രാവിലെ മണിമലക്കാവിൽ നിന്നും സംഘം ഏരുമേലിയിലേക്ക് യാത്ര തിരിക്കും. ശനിയാഴ്ചയാണ് എരുമേലി പേട്ടതുള്ളൽ നടക്കുക. പൂജിച്ച സ്വർണ്ണത്തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ച് ആണ് യാത്ര. അഞ്ഞൂറോളം സ്വാമിമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് പത്തു നാൾ നീളുന്ന യാത്രയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ എരുമേലിയിൽ എത്തുന്ന സംഘം എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെ സൗഹൃദ സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിക്കും. സംഘത്തെ മഹല്ല മുസ്ലിം ജമാഅത്ത് ഭാരവാഹികൾ സ്വീകരിക്കും. തുടർന്ന് ആകാശത്ത് പകൽ നക്ഷത്രം കാണുന്നതോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും.