ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായ കോട്ടയം പാലാ സ്വദേശിനിയായ അലീന അഭിലാഷിനു ജീവിതപങ്കാളിയായി പഞ്ചാബ് സ്വദേശി, ന്യൂസീലൻഡിലെ പ്രണയത്തിന


പാലാ: ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായ കോട്ടയം പാലാ സ്വദേശിനിയായ അലീന അഭിലാഷിനു ജീവിതപങ്കാളിയായി പഞ്ചാബ് സ്വദേശി. ന്യൂസീലൻഡിലെ പ്രണയത്തിന് കടൽ കടന്ന് പാലായിൽ സിഖ് മംഗല്യം. ഉള്ളനാട് പുളിക്കൽ അഭിലാഷിൻ്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളായ അലീന (24) ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് പഞ്ചാബ് സ്വദേശിയായ കരൺവീർ സിങ് സൈനി(27) യെയാണ്. പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന വിവാഹ ചടങ്ങിൽ കരൺവീർ സിങ് അലീനയുടെ കഴുത്തിൽ മിന്നു ചാർത്തി. ഇരുവരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഇതോടെ 3 വർഷത്തെ ന്യൂസിലാൻഡ് പ്രണയത്തിനാണ് പാലായിൽ സാഫല്യമായത്. ന്യൂസീലൻഡിലെ പാമർസ്റ്റൺ നോർത്തിൽ സ്ഥിര താമസകാറാണ് അലീനയുടെ കുടുംബം. 6 വരെ ചാവറ പബ്ലിക് സ്കൂളിൽ പഠിച്ച അലീന പിന്നീട് മാതാപിതാക്കൾക്കൊപ്പം ന്യൂസീലൻഡിലേക്കു പോകുകയായിരുന്നു. നിയമ വിദ്യാർഥിയായ ആൽബിയാണ് അലീനയുടെ സഹോദരൻ. ഓക്‌ലാൻഡിൽ ടോമി ഹിൽഫിഗർ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ് പഞ്ചാബ് സ്വദേശിയായ കരൺവീർ സിങ് സൈനി. ഇരുവരും തങ്ങളുടെ പ്രണയം വീട്ടുകാരോട് പറയുകയും തുടർന്ന് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് വിവാഹം നാട്ടിൽ നടത്താൻ തീരുമാനിക്കുകയുമായിരുന്നു. കരൺവീറിന്റെ മാതാപിതാക്കൾ മുംബയിൽ സ്ഥിരതാമസക്കാരാണ്. പിതാവ് ഹർഭജൻ സിംഗ് സൈനി ബിസിനസുകാരനാണ്. മാതാവ് ഹരീന്ദർ കൗർ സൈനി സഹോദരി മൻരിത് കൗർ സരണി അദ്ധ്യാപികയാണ്. ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളിയും പഠിച്ച ശേഷമാണ് ന്യൂസിലാൻഡ് പൊലീസിൽ ചേർന്നത്.