ശബരിമല: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. സന്നിധാനത്തും ജ്യോതി ദർശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷ൯ ഫോഴ്സിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണം. ഒന്നര ലക്ഷത്തോളം ഭക്തരെയാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.