ചങ്ങനാശേരി: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് ലഹരി മരുന്നിന് അടിമയായ യുവാവ് സഹോദരിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവ്യറി (27) നെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസിൽ പ്രതിയുമാണ് എന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം, പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ലഹരി കടത്തു കേസുകൾ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് 22 ഗ്രാം എംഡിഎംഎ യുമായി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ആറുമാസം റിമാൻഡിലായിരുന്നു. സഹോദരിയെ ആക്രമിച്ച സംഭവത്തിൽ തൃക്കൊടിത്താനം എസ് എച്ച് ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ സഹോദരിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മദ്യലഹരിയിൽ മറ്റൊരു യുവതിയുമായി വീട്ടിലെത്തിയ ഇയാൾ യുവതിയെ വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ഇത് സഹോദരി നിരസിച്ചതുമാണ് അക്രമത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ലഹരി ഉപയോഗിച്ച ശേഷം വീട്ടിൽ നിരന്തരം കലഹമാണെന്നും മാതാപിതാക്കളെയും ഉപദ്രവിച്ചിട്ടുള്ളതായും നാട്ടുകാർ പറഞ്ഞു.