കോട്ടയം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള കുറ്റകൃത്യം തടയാനായി കുടുംബശ്രീ ജില്ലാ മിഷൻ,ജെൻഡർ വികസന വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു.
കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളിൽ കുടുംബശ്രീക്ക് എങ്ങനെ ഇടപെടാമെന്നുള്ളതിന്റെ തെളിവാണ് ക്രൈം മാപ്പിങ് എന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്നിട്ടുള്ള അതിക്രമങ്ങൾ സ്പോട്ട് ചെയ്ത് രേഖപ്പെടുത്തുകയാണ് ക്രൈം മാപ്പിങ്ങിലൂടെ. പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധപദ്ധതികൾ ആവിഷ്‌കരിച്ച് അതിക്രമങ്ങൾ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ മൂന്നാമത്തെ വർഷമാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്രൈം മാപ്പിങ് നടത്തുന്നത്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി 16 ഗ്രാമപഞ്ചായത്തുകളിൽ സർവേ നടത്തി. കുടുംബശ്രീയുടെ ജെൻഡർ വികസന വിഭാഗം നടപ്പാക്കുന്ന ക്രൈം മാപ്പിങ്ങിൽ സാമ്പത്തികം, ശാരീരികം, ലൈംഗികം, വാചികം, മാനസികം, വൈകാരികം എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. മൂന്നാം ഘട്ടത്തിൽ ജില്ലയിലെ കോരുത്തോട്, കാഞ്ഞിരപ്പള്ളി, കൊഴുവനാൽ, പനച്ചിക്കാട്, വാഴപ്പള്ളി, കല്ലറ എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലാണ് സർവേ നടത്തിയത്.18 മുതൽ 50 വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ ഒരു വാർഡിൽ 50 പേരിലാണ് സർവേ നടത്തിയത്. ചോദ്യാവലി തയ്യാറാക്കി ഗൂഗിൾ ഫോം വഴിയാണ് വിവരശേഖരണം. ശേഖരിച്ച വിവരങ്ങളുടെ ക്രോഡീകരണവും വിശകലനവുമാണ് കോൺക്ലേവിലൂടെ നടന്നത്. വിവിധ ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്രൈം മാപ്പിങ് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കും. ആറ് പഞ്ചായത്തുകളിലെ സി.ഡി.എസ.് ചെയർപേഴ്സൺമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ, പ്രോഗ്രാം മാനേജർ ഇ.എസ്. ഉഷാദേവി, മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ജെൻഡർ സ്റ്റഡീസ് റിസർച്ച് ഫെല്ലോ എലിസബത്ത് ഏബ്രഹാം, ജെൻഡർ ആക്ടിവിസ്റ്റ് സീന ആന്റണി എന്നിവർ പ്രസംഗിച്ചു.