കോട്ടയം: ''മാലിന്യമില്ലാത്ത കേരളം കെട്ടിപ്പടുക്കാൻ നിങ്ങൾ സഹായിക്കുമോ?' ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ ചോദ്യം വടവാതൂർ ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളോടായിരുന്നു. 'യെസ് സർ...' ഒരേ സ്വരത്തിൽ മറുപടിയെത്തി.
''ഇനി എല്ലാം ദിവസവും നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഒരു മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്. മാലിന്യം തരംതിരിച്ച് അഴുകി പോകുന്നവയും പോകാത്തവയും എന്ന് വേർതിരിച്ച് ഒഴിവാക്കണം.''ജില്ലാ കളക്ടർ കുട്ടികളോട് ആവശ്യപ്പെട്ടു. ഒരു മാലിന്യവും കൂന്നുകൂട്ടി ഇടരുതെന്നും പ്‌ളാസ്റ്റിക് പോലുള്ളവ മണ്ണിൽ കിടന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും കളക്ടർ പറഞ്ഞു. മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി ഗിരിദീപം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കുട്ടികളുടെ ചിത്ര പ്രദർശനം 'കാഴ്ച'യുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ. കുട്ടികളിൽ മാലിന്യമുക്ത അവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണം വിഷയമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ബ്ലോക്ക് തലത്തിലും മുനിസിപ്പൽ തലത്തിലും പ്രദർശനം നടന്നുവരികയാണ്. ഗിരിദീപം ബഥനി സ്‌കൂളിൽ നടന്ന ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞയും പ്രൊഫ. ടോമിച്ചൻ ജോസഫ് ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, സ്ഥിരം സമിതി അധ്യക്ഷൻ സിബി ജോൺ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീലമ്മ ജോസഫ്, ദീപാ ജീസസ്, റെയ്ച്ചൽ കുര്യൻ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. മഹേഷ്, ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു.