കോട്ടയം: മസ്കത്തിൽ നടന്ന ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഏകദിന കായിക ഇനങ്ങളിൽ ഒന്നായ ട്രയാത്ത്‌ലൺ റേസുകളുടെ പരമ്പരയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു അഭിമാനകരമായ വിജയം നേടി കോട്ടയം സ്വദേശി ഡോക്ടർ ബിബിൻ മാത്യു.
വേൾഡ് ട്രയാത്ത്‌ലൺ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദീർഘദൂര ട്രയാത്ത്‌ലൺ റേസുകളുടെ ഒരു പരമ്പരയാണ് ആൻ അയൺമാൻ ട്രയാത്ത്‌ലൺ. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഏകദിന കായിക ഇനങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. അറബികടലിൽ 1.9 കിലോമീറ്റർ നീന്തൽ, 90കിലോമീറ്റർ മസ്കത്തിലെ മലയോര പാതയിലൂടെയുള്ള സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം ഇവയൊക്കെയാണ് ഈ ചലഞ്ചിൽ പൂർത്തിയ്യക്കേണ്ടത്. നിശ്ചിത സമയം 8 മണിക്കൂറും 30 മിനിറ്റും ആണ്. എന്നാൽ ഡോക്ടർ ബിബിൻ ഇവയെല്ലാം പൂർത്തിയാക്കിയത് വെറും 6മണിക്കൂർ 41 മിനിറ്റിൽ ആണ്. ആരോഗ്യപരമായ ജീവിതശൈലിയോടും ഫിറ്റ്‌നസിനോടുമുള്ള ഡോക്ടർ ബിബിന്റെ സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും ഉള്ള തെളിവാണ് ഈ വിജയം. കോട്ടയം അയ്മനം സ്വദേശിയായാണ് ബിബിൻ. സ്കൂൾ പഠനകാലത്ത് പഠന വിഷയത്തോടൊപ്പം നീന്തലിലും പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു ബിബിൻ. കോട്ടയം മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കിയ ബിബിൻ കോട്ടയം എസ് എച് മെഡിക്കൽ സെന്ററിൽ ലാപ്രോസ്കോപിക് സർജനാണ്.