മുണ്ടക്കയം: ഒരു വർഷം മുൻപ് വീടിനു സമീപം വന്യജീവി വന്യജീവി ഭീതിയെപ്പറ്റി വിവരിക്കുന്ന ഇന്നലെ കാട്ടാന ആകാരമാണത്തിൽ ജീവൻ പൊലിഞ്ഞ സോഫിയയുടെ വാക്കുകൾ നൊമ്പരമാകുന്നു. സുധീഷ് കെ എം എന്നയാളാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

 

 ഒരു വർഷം മുമ്പ് റംസാൻ നാളിൽ ഭക്ഷ്യ കിറ്റ് വിതരണത്തിനായി കാഞ്ഞിരപ്പള്ളി ബി.ആർ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനിയായ ആമിനയുടെ വീട്ടിൽ എത്തിയപ്പോഴാണ് മാതാവ് സോഫിയ അധ്യാപകരോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരിക്കൽ വീടിന്റെ മുറ്റത്ത് നിന്നുമാണ് പുലിയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടതെന്നും കാട്ടാനയുടെ ആക്രമണം പലപ്പോഴും ഉണ്ടായതായും സോഫിയ പറയുന്നുണ്ട്. ആടിനെയും പശുവിനെയും പുലി പിടിച്ചതായും തങ്ങളുടെ പട്ടിയെ പുലി പിടിച്ചുകൊണ്ടു പോയതായും സോഫിയ പറയുന്നുണ്ട്. പുലിയുടെ ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടതും സോഫിയയും ഭർത്താവും മകളും വീഡിയോയിൽ പറയുന്നുണ്ട്. സോഫിയയുടെ സംസാര ശേഷിയില്ലാത്ത മകളും ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ട സംഭവം വിവരിക്കുന്നുണ്ട്. പുലിക്ക് മുൻപിൽ നിന്നും രക്ഷപ്പെട്ട സോഫിയയാണ് ഇന്നലെ കാട്ടാനയ്ക്ക് മുൻപിൽ ജീവൻ വെടിഞ്ഞത്. മുണ്ടക്കയം ചെന്നാപ്പാറയിൽ നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ(45) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കുളിക്കാനായി വീടിനു സമീപത്തെ അരുവിയിലേക്ക് എത്തിയപ്പോൾ ആണ് ആനയുടെ അക്രമണം ഉണ്ടായത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.