ഏറ്റുമാനൂർ: ഏറ്റുമാനൂരിന് ആഘോഷനാളുകൾ സമ്മാനിച്ചു നഗരം ഇനി ഉത്സവ മേളങ്ങളിലേക്ക്. ചരിത്ര പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും. മാർച്ച് 6 നാണു പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം.
നാളെ രാവിലെ 10.45-നും 11.05-നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ കണ്ഠര്ബ്രഹ്മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യൻ നാരായണൻ എന്നിവർ ചേർന്ന് കൊടിയേറ്റും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി എൻ വാസവൻ ഉത്‌ഘാടനം ചെയ്യും. മാർച്ച് എട്ടിനാണ് ആറാട്ട്. ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂര്ണമായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് ഏഴിന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതവിരുന്ന്. എട്ടാം ഉത്സവദിവസമായ ആറിന് രാവിലെ നടൻ ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. രാത്രി 9.30-ന് ചലച്ചിത്രതാരം ആശാ ശരത് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്,മാർച്ച് ഏഴിന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ മേളപ്രപഞ്ചമൊരുക്കും. രാത്രി പത്തിന് പ്രശസ്ത പിന്നണിഗായിക കെ.എസ്.ചിത്ര നയിക്കുന്ന ഭക്തിഗാനമേളയുമുണ്ട്. ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ രാത്രി കഥകളി ഒരുക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ചുള്ള കടകളെല്ലാം സജ്ജമായിക്കഴിഞ്ഞു. ഉത്രാളിക്കാവ് പൂരം, നെന്മാറ– വെല്ലങ്ങി വേല എന്നിവിടങ്ങളിൽ മാത്രം ചെയ്തു വരുന്ന കാഴ്ച പന്തലാണ് ഇത്തവണ ഏറ്റുമാനൂരിലെ ഒരുങ്ങുന്നത്. 110 അടി നീളം കല്യാണ മണ്ഡപത്തിന്റെ ഉയരം 4 നിലകളിൽ 8 തട്ടുകളായി കൂറ്റൻ പന്തലാണ് ഉയർന്നിരിക്കുന്നത്. വർണ്ണവിസ്മയം തീർത്ത് അലങ്കാര ബൾബുകളും ചിത്രപ്പണികളും ഉത്സവാഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.