ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ സ്വകാര്യ സ്ഥാപനത്തിൽനിന്ന് 93 ലക്ഷം രൂപ തട്ടിയ കേസിൽ മാനേജരെ പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കരിങ്കുന്നം സ്വദേശി വെള്ളമറ്റത്തിൽ മനോജ് ജോസഫിനെ(48) ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.
അതിരമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മന്നകുളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെയർ ലൈൻ അക്കാഡമിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്ന ഇയാൾ ഉടമസ്ഥനറിയാതെ ഹെയർ പ്രോഡക്ടുകൾ ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനൽ വഴി വില്പന നടത്തുകയായിരുന്നു. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 200 കിലോ മുടിയും 10,000 യു.എസ്. ഡോളറും ഉൾപ്പെടെ 93 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. എ.എസ്.അൻസൽ, എസ്.ഐ. വി.ഡി.ജയപ്രകാശ്, എ.എസ്.ഐ. വി.കെ.വിനോദ്, സി.പി.ഒ.മാരായ ഡെന്നി, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.