കോട്ടയം: കോട്ടയത്ത് സ്വന്തം പുരയിടത്തിലെ റബർ തോട്ടത്തിന് തീപിടിക്കുന്നത് കണ്ട് അണക്കാനുള്ള ശ്രമത്തിനിടെ ഉടമ പൊള്ളലേറ്റ് മരിച്ചു.
മീനടം കുരിയ്ക്കകുന്ന് മണ്ണക്കടുപ്പിൽ എം.കെ.കുര്യാക്കോസ് (സണ്ണി, 80) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. തീ അണക്കുന്നതിനിടയിൽ കുര്യാക്കോസിനെ മരിച്ച നിലയിൽ സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. റബ്ബർ തോട്ടത്തിൽ തീ പിടിക്കുന്നത് കണ്ടു ഓടിയെത്തി തീ അണയ്ക്കുന്നതിനിടെ കുഴഞ്ഞു വീണതോ എന്തിലെങ്കിലും തട്ടി വീണതോ ആകാമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നതുകണ്ടു നാട്ടുകാരാണ് പോലീസിലും അഗ്നി രക്ഷാ സേനയെയും വിവരമറിയിച്ചത്. തീ പിടിത്തത്തിൽ അരയേക്കറോളം റബർ തോട്ടം കത്തി നശിച്ചു.