കോട്ടയം: നല്ല മീൻ ന്യായമായ വിലയ്ക്ക് ഗുണമേന്മയോടെ ജനങ്ങൾക്ക് എത്തിക്കുകയാണ് ഫിഷ്‌മെയിഡ് ഓൺലൈൻ ഹോം ഡെലിവറി പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫിഷറീസ്- സാംസ്‌കാരിക-യുവജന വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
വടവാതൂരിൽ തീരദേശ കോർപ്പറേഷന്റെ ഫിഷ് മെയ്ഡ് ഓൺലൈൻ ഹോം ഡെലിവറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ന്യായമായ വിലയ്ക്ക് വിൽക്കുമ്പോൾ കുടുതൽ ബിസിനസും കുറഞ്ഞ ലാഭവുമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 14 ജില്ലകളിലും 50 സെന്ററുകൾ ആരംഭിക്കും. എല്ലാ പഞ്ചായത്തിലും വിഷമില്ലാത്ത ഫ്രഷ് മീൻ എത്തിക്കും. ഇതുവഴി നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും. എല്ലാ സെന്ററുകളിലും ക്വാളിറ്റി പരിശോധന സംവിധാനവും വിലവിവര പട്ടികയും പരാതി രജിസ്‌ട്രേഷൻ സംവിധാനവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഷിഷ്‌മെയ്ഡ് ഓൺലൈൻ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷെയ്ഖ് പരീത് അധ്യക്ഷത വഹിച്ചു. തീരദേശ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഫിഷ് പ്രോസോസിങ് സെന്ററിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കിയതിനുശേഷം വടവാതൂർ ഫിഷ് പ്രോസസിങ് സെന്ററിൽ എത്തിച്ച് വൃത്തിയാക്കി പായ്ക്ക് ചെയ്താണ് മീൻ ആവശ്യക്കാർക്ക് എത്തിക്കുന്നത്. മൊബൈൽ ആപ്പ് (എഫ്.എം.ഒ. ) , വെബ്‌സൈറ്റ്(www.fishmaidonline.com), വാട്‌സ്ആപ് ( 8590000213) എന്നിവ വഴി ഓൺലൈൻ ആയി ഓർഡർ നൽകാം. 15 കിലോമീറ്റർ പരിധിക്കുള്ളിൽ ഹോം ഡെലിവറി ലഭ്യമാണ്. ചടങ്ങിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ ചീഫ് മാർക്കറ്റിങ് ഓഫീസർ ചെറിയാൻ കുരുവിള, ബ്രാൻഡിങ് മീഡിയ പാർട്ണർ ജൂബി കുരുവിള, പഞ്ചായത്ത് അംഗങ്ങളായ ബാബു ജോസഫ്, സിസി ബോബി, മുൻ പഞ്ചായത്ത് അംഗം റോയ് ജോൺ, സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ മാനേജർ ഫാ. ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.