പാലാ: അപൂർവ്വ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചു പാലാ മാർ സ്ലീവാ മെഡിസിറ്റി. വൃക്കരോഗം ബാധിച്ച ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശികളായ സഹോദരന്മാർക്കാണ് ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആണ് ആശുപത്രി സാക്ഷിയായത്.
നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ളാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ,കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സി. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. തൃക്കൊടിത്താനം സ്വദേശികളായ 49 വയസ്സും 47 വയസ്സും പ്രായമുള്ള സഹോദരന്മാർക്കാണ് വൃക്കകൾ മാറ്റിവച്ചത്. എ പോസിറ്റീവും, ബി പോസിറ്റീവും രക്ത ഗ്രൂപ്പുകാരായിരുന്നു സഹോദരങ്ങൾ. സഹോദരന്മാരിൽ മൂത്തയാളുടെ ഭാര്യ ബി പോസിറ്റീവും ഇളയ സഹോദരന്റെ ഭാര്യ ഒ പോസിറ്റീവും രക്ത ഗ്രൂപ്പുകാരായിരുന്നു. മൂത്ത സഹോദരന് ഇളയ സഹോദരന്റെ ഭാര്യയുടെ വൃക്കയും ഇളയ സഹോദരന് മൂത്ത സഹോദരന്റെ ഭാര്യയുടെ വൃക്കയും അനുയോജ്യമാണെന്നു പരിശോധനയിൽ കണ്ടെത്തിയതോടെ ഇരുവരുടെയും ഭാര്യമാർ വൃക്കകൾ മാറി നൽകാൻ തീരുമാനിക്കുകയായിരുന്നു. 10 മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് വൃക്ക മാറ്റി വയ്ക്കൽ പൂർത്തീകരിച്ചത്. ചികിത്സയ്ക്ക് ശേഷം ഇവർ ആശുപത്രി വിട്ടു. വൃക്കയിൽ സിസ്റ്റ് വളരുന്ന അപൂർവ്വമായ രോഗമായിരുന്നു ഇരുവർക്കും. മൂത്ത സഹോദരന് ഹൃദ്രോഗം ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ശേഷമാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. മധ്യതിരുവതാംകൂറിലെ ആദ്യത്തെ കിഡ്നി സ്വാപ്പിങ് ശസ്ത്രക്രിയയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നത്.