കോട്ടയം ജില്ലയിലെ വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മീനച്ചിലാറിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നു, ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്


കോട്ടയം: കോട്ടയം ജില്ലയിലെ വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മീനച്ചിലാറിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നതായി പഠനങ്ങൾ.

 

 ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രിപ്പിക്കൽ ഇൻസ്റ്റിറ്റിയൂട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. വെള്ളത്തിൽ ജൈവ മാലിന്യങ്ങളുടെ അളവ് കൂടുതലാണ്. ഉയർന്ന അളവിൽ മനുഷ്യ വിസർജ്ജ്യ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ജനുവരി 20 മുതൽ 26 വരെയാണ് പഠനം നടത്തിയത്. മേലടുക്കം,മലരിക്കൽ, പഴുക്കാനിലകായൽ എന്നീ ഭാഗങ്ങളിൽ നിന്നായി 14 സ്ഥലങ്ങളിലെ സാമ്പിളുകളാണ് പരിശോധിച്ചത്. മീനച്ചിലാറിന്റെ തുടക്കമായ മേലടുക്കം ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ഒരു ലിറ്റർ വെള്ളത്തിൽ 10 ലക്ഷത്തിലധികം കോളനികളിൽ മലം മലിനീകരണത്തിൻ്റെ അടയാളമായ ഇ.കോളി ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകൾ കണ്ടെത്തിയതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഹോട്ടലുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മനുഷ്യ വിസർജ്യങ്ങളുൾപ്പടെയുള്ള മാലിന്യങ്ങൾ മീനച്ചിലാറിലേക്ക് തള്ളുന്നതാണ് മലിനീകരണ തോട് ഉയരാൻ കാരണം. നൂറിലധികം കുടിവെള്ള പദ്ധതികൾക്കും 400 ലധികം കുടിവെള്ള വിതരണ വാഹനങ്ങളും മീനച്ചിലാറിനെയും സമീപ മേഖലകളിലെ കിണറുകളെയുമാണ് ആശ്രയിക്കുന്നത്. മീനച്ചിൽ നദിയെ ആശ്രയിക്കുന്ന പൊതുവിതരണ സംവിധാനങ്ങളിൽ നിർബന്ധമായും പ്രതിമാസ ജലത്തിൻ്റെ ഗുണനിലവാര പരിശോധന നടത്തണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്ന പൊതു ഉപദേശവും പഠനത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ മേഖലകളിൽ ഈ വെള്ളം ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തം,മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് കാരണമായേക്കും.