കോട്ടയം: റെയിൽവേ ലെവൽ ക്രോസിൽ കുടുങ്ങിക്കിടന്ന് ഇനി സമയ നഷ്ടം ഉണ്ടാകില്ല, കോട്ടയത്തു നിന്നും കൊച്ചിയിലേക്ക് ഇനി അതിവേഗമെത്താം, മുളന്തുരുത്തി റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് മുളന്തുരുത്തി റെയിൽവേ മേൽപ്പാലം ഇന്ന് നാടിനു സമർപ്പിക്കും. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലേക്കും കാഞ്ഞിരമറ്റം പള്ളിയിലേക്കും പോകുന്ന ഭക്തർക്ക് ഉൾപ്പെടെ ലക്ഷങ്ങൾക്കാശ്വാസമേകും. രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയിലാണ് മേൽപ്പാലം നിർമിച്ചിരിക്കുന്നത്. 530 മീറ്റർ നീളവും 9.50 മീറ്റർവീതിയുമാണ് പാലത്തിനുള്ളത്. 20 കോടി രൂപ ചെലവിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിക്കാണു പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽ റെയിൽവേ ലെവൽ ക്രോസിൽ കുടുങ്ങി സമയ നഷ്ടം പതിവായിരുന്നു. മേൽപ്പാലമെത്തിയതോടെ ഇനി സമയ നഷ്ടമുണ്ടാകില്ല. റെയിൽവേ ക്രോസ്സുകൾ ഇല്ലാത്ത കേരളം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.