മുണ്ടക്കയം: മുണ്ടക്കയത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി കോട്ടയം അതിര്‍ത്തി പ്രദേശമായ പെരുവന്താനം കൊമ്പന്‍പാറയിലാണ് കാട്ടാന ആക്രമണമുണ്ടായത്.
ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി സംഭവസ്ഥലത്ത് എത്തി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. രാവിലെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം പോസ്റ്റ്മാര്‍ട്ടത്തിനായി കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം കളക്ടര്‍ കൈമാറും. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കാന്‍ കളക്ടര്‍ ശുപാര്‍ശ നല്‍കും. കാട്ടാന ഭീതിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും തീരുമാനമായി. വീട്ടില്‍ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാന്‍ പോകുന്ന വഴിയിലായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.