മുണ്ടക്കയം: മുണ്ടക്കയത്ത് വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നു. മുണ്ടക്കയം ചെന്നാപ്പാറയിൽ നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ(45) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കുളിക്കാനായി വീടിനു സമീപത്തെ അരുവിയിലേക്ക് എത്തിയപ്പോൾ ആണ് ആനയുടെ അക്രമണം ഉണ്ടായത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം ആന സമീപത്തു തന്നെ നിലയുറപ്പിച്ചതിനാൽ ആർക്കും അടുക്കാൻ സാധിച്ചിരുന്നില്ല. സ്ഥലത്ത് നാട്ടുകാർ തടിച്ചു കൂടിയിട്ടുണ്ട്. മകനും മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. സമീപത്തു നിന്നും ആനയുടെ ചിഹ്‌നംവിളിയും അലർച്ചയും കേട്ടിരുന്നതായി മകൻ പറഞ്ഞു. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതരെത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്നു. കലക്ടർ സ്ഥലത്തെത്താതെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മക്കൾ: മുഹമ്മദ് ഷെയ്‍ക്ക്, ആമിന.