കോട്ടയത്ത് ലഹരി മാഫിയ കൊലപ്പെടുത്തിയ പോലീസുകാരന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നൽകണം: എൻ ഹരി.


കോട്ടയം: കോട്ടയത്ത് ലഹരി മാഫിയ കൊലപ്പെടുത്തിയ പോലീസുകാരന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നൽകണമെന്നും സംസ്ഥാനത്തെ ലഹരി മാഫിയയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ആവശ്യപ്പെട്ടു.

 

 കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയുടെ നീരാളികൈകളില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും കുടുംബത്തെ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണം. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് കോട്ടയം മാഞ്ഞൂര്‍ സ്വദേശിയും കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശ്യാംപ്രസാദ് വഴിയോരത്തെ തട്ടുകടയില്‍ ലഹരിയ്ക്കടിമയായ യുവാവ് ഭീകരാന്തരീഷം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് പ്രതി പോലീസ് ഉദ്യോഗസ്ഥനെ മരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ചവിട്ടി വീഴ്ത്തിയത്. എന്നാൽ കർത്തവ്യ നിർവഹണത്തിന്റെ ഭാഗമായി അല്ല ശ്യാം പ്രസാദ് ഇടപെട്ടത് എന്ന് വരുത്തി സംഭവത്തെ ലഘൂകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്ന് എൻ ഹരി ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ അപലപിക്കാനോ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വസതി സന്ദർശിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. ജില്ലയിലെ മന്ത്രി ശ്യാം പ്രസാദിന്റെ വസതിയിൽ എത്തിയത് ഒരു പതിവു നടപടിക്രമം മാത്രമാണ്. പോലീസ് നടപടിക്രമങ്ങൾക്കപ്പുറത്തേക്ക് ഉത്തമമായ മാനുഷികതയുടെയും പൗരബോധത്തെയും പ്രതീകമാണ് യുവ ഓഫീസർ. സമൂഹത്തിലെ കുറ്റവാളികൾക്കെതിരെ സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ച് സമൂഹത്തിന് മാതൃകയായി ഡ്യൂട്ടി നിറവേറ്റിയ ശ്യാം പ്രസാദിനെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ ആദരിക്കണം എന്നും എൻ ഹരി ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരായ നിതാന്ത ജാഗ്രതയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കർത്തവ്യം. അതാണ് ശ്യാം പ്രസാദ് ചെയ്തത്. കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലിയും ഉറപ്പാക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മയക്കുമരുന്നു സംഘങ്ങളുടെ തേര്‍വാഴ്ച്ചയാണ് കേരളമാകെ. കോട്ടയം ജില്ലയിലെ മെഡിക്കല്‍ കോളജിന്റെ സമീപപ്രദേശങ്ങളാകെ ഒരു സമാന്തര നാര്‍ക്കോട്ടിക് സംവിധാനം വലവിരിച്ചിരിക്കുകയാണ്. ഇത്തരം യുവാക്കളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ഒരു വിദേശ മലയാളി കോടിക്കണക്കിന് രൂപ മുടക്കി തുടങ്ങിയ റസ്റ്റോറന്റ് പൂട്ടാന്‍ തീരുമാനിച്ചത് അടുത്തയിടെ വാര്‍ത്തയായിരുന്നു. കേരളത്തെ ഗ്രസിച്ചിരിക്കുന്ന കൊടിയ വിപത്തായ മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ചെറുകോൽ പുഴയിലെ വേദിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. മദ്യം മയക്കുമരുന്ന് സംഘങ്ങൾ കേരളത്തിൽ വ്യാപകമാകുന്നത് ക്രൈസ്തവ ബിഷപ്പ്മാരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഗൗരവകരമായ അന്വേഷണത്തിന് ഇനിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ കേരളത്തെ മുക്കിക്കൊല്ലുന്ന മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്താൻ ദേശീയ തലത്തിലുള്ള അന്വേഷണം അനിവാര്യമാണ്. ഈ സംഘങ്ങളുടെ അടിവേരറക്കുന്ന സമഗ്ര അന്വേഷണം കൂടിയേ തീരൂ. ഇക്കാര്യം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എൻ ഹരി പറഞ്ഞു.