പത്തനംതിട്ട : കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.
ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു. കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം തന്നെ അപ്രസക്തമായിക്കുകയാണ്. കാരണം കാട്ടിലെ വന്യമൃഗങ്ങളെല്ലാം ഇപ്പോൾ നാട്ടിലുണ്ട്. ഇനി അവയെ നാട്ടുമൃഗങ്ങളെന്ന് വിളിക്കുന്നതാണ് ഉചിതം. നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങൾ വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. മനുഷ്യൻ തന്റെ ഉപജീവനത്തിനായി നടത്തുന്ന അധ്വാനം മുഴുവൻ പാഴായിപ്പോകുകയാണ്. ഇവയെ നിയന്ത്രിക്കുന്നതിനോ മനുഷ്യജീവൻ സംരക്ഷിക്കാനോ കഴിയുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്.വന്യമൃഗങ്ങളെ സംരക്ഷിക്കണം.അതേപോലെ മനുഷ്യനെയും സംരക്ഷിക്കണം. സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാത്ത പക്ഷം ജനം പ്രതികരിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും ബാവാ കൂട്ടിച്ചേർത്തു. ആന ചവിട്ടി കൊല്ലുന്ന മനുഷ്യന് 10ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതുകൊണ്ട് കാര്യമില്ല. നഷ്ടപരിഹാരമല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും കാതോലിക്കാബാവാ പറഞ്ഞു. പത്തനംതിട്ടയിൽ മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ 108 മത് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ.